ന്യൂഡല്‍ഹി: ആം ആദ്മി നേതാവായ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ. ആംആദ്മി നേതാവായ അമാനത്തുള്ള ഖാനെയാണ് എം.എല്‍.എയായ ഒ.പി ശര്‍മ്മ തീവ്രവാദിയെന്ന് വിളിച്ചത്. ഡല്‍ഹി നിയമസഭയിലായിരുന്നു സംഭവം. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ശര്‍മ്മ തീവ്രവാദി പരാമര്‍ശം നടത്തിയത്.
‘തെറ്റായി എന്തെങ്കിലും ചെയ്താല്‍ തീവ്രവാദികളെപ്പോലെ നിങ്ങളും ജയിലില്‍ പോകും. എന്തിനാണ് നിങ്ങള്‍ വിവരക്കേട് പുലമ്പുന്നത്. തീവ്രവാദികളെപ്പോലെ സംസാരിക്കുന്നത് എന്തിനാണ്. മനുഷ്യരെപ്പോലെ സംസാരിക്കൂ.. തീവ്രവാദികളെപ്പോലെയല്ല’- എന്നായിരുന്നു ശര്‍മ്മയുടെ പ്രതികരണം. ശര്‍മ്മയുടെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തി.
മുസ്‌ലിങ്ങളോടുള്ള ബി.ജെ.പിയുടെ മനോഭാവമാണ് എം.എല്‍.എയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ‘ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും പേരില്‍ രാജ്യം വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുക എന്നതാണ് അവരുടെ നയം.’ കെജ്ിവാള്‍ പറഞ്ഞു. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണെന്നാണ് ബി.ജെ.പി കരുതുന്നതെന്നായിരുന്നു അംനാഥുള്ള ഖാന്റെ പ്രതികരണമെന്നും രാജ്യത്തെ കലുഷിതമാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംകളെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരും ഭരണപക്ഷപാര്‍ട്ടിയും എല്ലാം മുസ്‌ലിംകളേയും ഭീകരരാക്കുകയാണ്. ബി.ജെ.പി നേതാവ് മാപ്പു പറയണമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.