മുംബൈ: പുരുഷന്‍മാരെ സഹായിക്കാന്‍ തയ്യാറായി വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ രാം കദം രംഗത്ത്. നിങ്ങളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മിക്കുന്നുവെങ്കില്‍ അവരെ തട്ടിക്കൊണ്ടുവന്ന് സഹായിക്കാമെന്ന് എം.എല്‍.എ പറഞ്ഞു. മുംബൈ ഗാഡ്‌കോപര്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ് രാം കദം.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മൈക്കിലൂടെ എം.എല്‍.എ സംസാരിക്കുന്നതിന്റെ വീഡിയോ എന്‍.സി.പി എം.എല്‍.എയായ ജിതേന്ദ്ര ആവാദാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘നിങ്ങള്‍ക്ക് ഏതു സമയത്തും എന്തു സഹായത്തിനു വേണ്ടിയും എന്നെ വിളിക്കാം. നിങ്ങളില്‍ ആരെങ്കിലും പെണ്‍കുട്ടികളെ വിവാഹത്തിന് ആലോചിച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുക. ആ പെണ്‍കുട്ടിയെ ഞാന്‍ തട്ടിക്കൊണ്ടുവന്ന് നിങ്ങളെ സഹായിക്കും.’ -രാം കദം പറഞ്ഞു. തന്റെ ഫോണ്‍ നമ്പറും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്‍മാര്‍ വിളിക്കണമെന്ന് രാം കദം ആവശ്യപ്പെടുന്നത്. ഒരു പരിപാടിക്കിടെയാണ് എം.എല്‍. എയുടെ വിവാദ പ്രസംഗം.
എം.എല്‍.എയുടെ പ്രസംഗത്തെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്ന നാട്ടില്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരാകുമെന്ന് ആവാദ് ചോദിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി ആംആദ്മി പാര്‍ട്ടി നേതാവായ പ്രീയ് ശര്‍മ്മ മേനോനും രംഗത്തെത്തി. ബി.ജെ.പി എം.എല്‍.എമാരുടെ പുതിയ ജോലി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലാണെന്ന് പ്രീയ് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഢ്‌നാവിസിനോട് വിഷയത്തില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് രാം കദം പറഞ്ഞു.