ന്യൂഡല്‍ഹി: പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന എം.എല്‍.എയില്‍ നിന്നാണ് വീണ്ടും വഴിവിട്ട പ്രകടനങ്ങള്‍. ചുവടുവെ്ക്കലിനിടെ ഇദ്ദേഹത്തിന്റെ മോശം ഭാഷയിലുള്ള സംസാരവും വീഡിയോയില്‍ വ്യക്തമാണ്. കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
ഇദ്ദേഹത്തിന്റെ അനുയായികളെയും വീഡിയോയില്‍ കാണാം. നാലുതരം തോക്കുകള്‍ മാറിമാറി കയ്യില്‍ ഉയര്‍ത്തിയാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. സമാന രീതിയില്‍ തോക്കുകള്‍ ഏന്തിയുള്ള ബോളിവുഡ് ഗാനങ്ങളെ അനുകരിച്ചാണ് ചുവടുവെച്ച്. ഇതേരീതിയിലുള്ള ‘തമന്‍ചേ പേ ഡിസ്‌കോ’ എന്ന ഗാനത്തെയടക്കം പിന്‍പറ്റിയായിരുന്നു പ്രകടനം. ഉത്തരാഖണ്ഡില്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഒപ്പമുള്ളവരില്‍ ഒരാള്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്. ഉത്തരാഖണ്ഡില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒരാള്‍ക്കും ചെയ്യാനാകില്ലെന്നാണ് ഇതിനുള്ള പ്രണവ് സിംഗിന്റെ മറുപടി.