ബാഗല്‍കോട്ട: സ്വന്തം പാര്‍ട്ടിയിലെ വനിതാ കൗണ്‍സിലര്‍മാരെ ബിജെപി എംഎല്‍എ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അനുയായികള്‍ക്കൊപ്പം ചേര്‍ന്ന് വനിതാ കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ച കര്‍ണാടകയിലെ ബാഗല്‍കോട്ട തെര്‍ഡല്‍ മണ്ഡലത്തിലെ എംഎല്‍എ സവഡിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നവംബര്‍ 9നായിരുന്നു സംഭവം നടന്നത്.
പൊലീസ് നോക്കി നില്‍ക്കവെയായിരുന്നു എംഎല്‍എയും അനുയായികളെ വനിതാ കൗണ്‍സിലര്‍മാരെ തടഞ്ഞത്. മഹാലിംഗപുരം നഗരസഭയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം. ബിജെപി അംഗങ്ങളായ സവിത ഹുര്‍ക്കടാലി, ചാന്ദ്‌നി നായിക്, ഗോദാവരി ബാത്ത് എന്നിവരെയാണ് സംഘം മര്‍ദ്ദിച്ചത്.
മൂന്ന് വനിതാ കൗണ്‍സിലര്‍മാരും പ്രസിഡന്റ്്, വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം ഇത് അംഗീകരിച്ചില്ല. ഇതോടെ നിരാശരായ ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഇവര്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭയപ്പെട്ട സവഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം മൂന്ന് വനിതാ കൗണ്‍സിലര്‍മാരെയും വോട്ടെടുപ്പിന് എത്തുന്നതില്‍ നിന്ന് തടയുകയായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം സവിതയും ചാന്ദ്‌നിയും എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ചത്. ഇതിനിടെ എംഎല്‍എ സവിതയെ തള്ളി താഴെ ഇടുകയായിരുന്നു. പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ വനിതാ അംഗങ്ങളാരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മഹാലിംഗപുര പോലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.