പട്‌ന: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ബിജെപി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ലോറിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബിനയ് ബിഹാരിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. തന്റെ മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകിയതിനെതിരെയായിരുന്നു പ്രതിഷേധം. സഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ ബനിയനും ട്രൗസറും ധരിച്ചത്തിയ ബിനായ് തന്റെ കുര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പൈജാമ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനും സമര്‍പ്പിക്കുന്നതായി പറഞ്ഞു. മണ്ഡലത്തില്‍ ബെട്ടായ മുതല്‍ മനുവപ്പ വരെ, ഗോപത്തി വഴിയുള്ള 44 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി താന്‍ സമീപിക്കാത്ത വ്യക്തികളില്ലെന്നും വര്‍ഷങ്ങളായിട്ടും അനുകൂലമായ നടപടികളുണ്ടായിട്ടില്ലെന്നുമാണ് ബിനയ് ബിഹാരിയുടെ പരാതി.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യമില്ലായ്മ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് താന്‍ കുര്‍ത്തയും പൈജാമയും ഉപേക്ഷിച്ച ്പ്രതിഷേധിച്ചതെന്നായിരുന്നു ബിനയ് പറഞ്ഞത്. എന്നാല്‍ അനുചിതമായ വസ്ത്രധാരണത്തിന്റെ പേരില്‍ എംഎല്‍എയെ സഭയില്‍ പ്രവേശിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പ്രേംകുമാര്‍ വിഷയം സഭയില്‍ ഉന്നയിച്ചു. എംഎല്‍എ സഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ സഭയുടെ മര്യാദ ലംഘിച്ച സാഹചര്യത്തില്‍ എംഎല്‍എയെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരി പറഞ്ഞു.