ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ ഗ്യാന്‍ശ്യാം തിവാരി രംഗത്ത്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍, രാജ്യത്തിന് എന്താണ് സമ്മാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ വികസന അജണ്ടയിലൂടെ രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രമാണെന്നാണ് എംഎല്‍എയുടെ വിമര്‍ശനം. രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എയാണ് ഗ്യാന്‍ശ്യാം തിവാരി. രാജ്യത്തെ സമ്പത്ത് ചിലരുടെ ഉടമസ്ഥയിലാണുള്ളത്. രാജ്യം ആഗോള സാമ്പത്തിക ശക്തിയായി മാറുകയാണ്. എന്നാല്‍ ഈ മാറ്റത്തിലൂടെ സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ വികസനമൊന്നുമുണ്ടാക്കുന്നില്ല. രാജ്യത്ത് കടമില്ലാത്ത ഒരു കര്‍ഷകനുമില്ല. ഉല്‍പാദിപ്പിച്ച പാല്‍ അവര്‍ തെരുവിലൊഴുക്കി കളയുകയാണ്. ഇതിനൊപ്പമാണ് തൊഴിലില്ലായ്മയുടെ അനുദിന വര്‍ധനവ്. കേന്ദ്രീകൃത മുതലാളിത്ത സംസ്‌കാരത്തിലേക്ക് രാജ്യം മാറിയതിന്റെ തെളിവാണ് ഇവയൊക്കെയെന്നും ഗ്യാന്‍ശ്യാം പറഞ്ഞു. ഭാരത്പൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ഗ്യാന്‍ശ്യാം മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരാ രാജെക്കെതിരെയും ഗ്യാന്‍ശ്യാം രൂക്ഷ വിമര്‍ശമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധത ആരോപിച്ച് ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.