X

24 മണിക്കൂറിനകം കര്‍ണാടക സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബി.ജെ.പി എം.എല്‍.എ; ഇല്ലെന്ന് യെദ്യൂരപ്പയും

ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെവീഴുമെന്ന ബി.ജെ.പി. ബി.ജെ.പി എം.എല്‍.എ ഉമേഷ് കട്ടിയാണ് കുമാരസ്വാമി മന്ത്രിസഭ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് പറഞ്ഞു രംഗത്തെത്തിയത്. ബെല്‍ഗാമില്‍ നടന്ന യോഗത്തിലാണ് സര്‍ക്കാര്‍ താഴെ വീഴുമെന്നുള്ള എം.എല്‍.എയുടെ പ്രഖ്യാപനം.

മുന്‍മന്ത്രിയും എട്ട് തവണ ബി.ജെ.പി എം.എല്‍.എയും ആയിരുന്നയാളാണ് ഉമേഷ് കട്ടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയുടെ അധ്യക്ഷതയിലുളള യോഗം തുടങ്ങുന്നതിന് മുമ്പ് ഉമേഷിന്റെ അഭിപ്രായപ്രകടനം ഉണ്ടാവുകയായിരുന്നു.

’15 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. അവര്‍ പുറത്ത് പോകുന്നതോടെ കുമാരസ്വാമി സര്‍ക്കാര്‍ 24 മണിക്കൂറിനകം താഴെ വീഴും. അടുത്ത ആഴ്ച്ചയോടെ ഇവിടെ ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കും,’ ഉമേഷ് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാനുളള ശ്രമമില്ലെന്നാണ് യെദ്യൂരപ്പയുടെ വാദം. പ്രതിപക്ഷത്ത് തന്നെ തുടാരാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, വിഷയത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടേത് വ്യാജ പ്രചാരണമാണെ് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു പ്രതികരിച്ചു. സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള ശക്തിയൊന്നും ബി.ജെ.പിക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ശനിയാഴ്ച്ച മന്ത്രിസഭ വിപുലീകരിച്ചിരുന്നു. ഇതിന് പിന്നാലെ ചില എം.എല്‍.എമാര്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

chandrika: