തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികള്‍ മര്‍ദിച്ചു. ബി.ജെ.പി നേതാവും മന്ത്രിയുമായ നാരായണ്‍ പ്രസാദിന്റെ മകനായ ബബ്‌ലു കുമാറിനാണ് മര്‍ദനമേറ്റത്.
തോട്ടത്തില്‍ കളിക്കുന്ന കുട്ടികളെ ഭയപ്പെടുത്താന്‍ ഇയാളും ഇയാളുടെ കൂട്ടാളികളും ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു.ഭയന്നോടിയ കുട്ടികളില്‍ ആറ്‌പേര്‍ക്ക് പരിക്കേറ്റു.ഇത്‌ചോദിക്കാന്‍ ചെന്ന നാട്ടുകാരും ഇയാളും തമ്മില്‍ സംഘര്‍ഷമായി.സര്‍ക്കാര്‍ വാഹനത്തില്‍ വന്നയാളെ ഗ്രാമവാസികള്‍ ഓടിച്ചു.മന്ത്രിയുടെ പേരെഴുതിയ നെയിം പ്ലേറ്റ് നാട്ടുകാര്‍ തകര്‍ത്ത ശേഷം വാഹനം ഉപേക്ഷിച്ച് കുമാര്‍ ഓടി രക്ഷപ്പെട്ടു.
എന്നാല്‍ തോട്ടത്തിലെ കൈയേറ്റം അറിഞ്ഞയുടന്‍ മകന്‍ സ്ഥലത്തെത്തിയെന്നും അവിടെവച്ച് അക്രമിക്കപ്പെട്ടു,ലൈസന്‍സുള്ള തോക്ക് തട്ടിയെടുക്കുകയും ചെയ്തുവെന്ന് മന്ത്രി പറയുന്നു.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്, എന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വെടിയുതിര്‍ത്ത തോക്ക് പോലീസ് പിടിച്ചെടുത്തു.ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പ്രദേശത്ത് കനത്ത പോലീസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് ഉപേന്ദ്ര വര്‍മ്മയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.