കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ തന്നെ നിരന്തരം വിളിക്കുന്നതായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കന്‍വാല്‍. ട്വിറ്ററിലൂടെയാണ് കന്‍വാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റ് 2017 നടക്കുന്നതിനിടെയാണ് കന്‍വാല്‍ ഭരണകക്ഷിയുടെ മാധ്യമ നയം വെളിപ്പെടുത്തിയത്.
‘ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ മന്ത്രിമാര്‍ എന്നെ വിളിക്കുകയും നരേന്ദ്ര മോദിക്കെതിരെ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഞാനെന്തിന് സംസാരിക്കാതിരിക്കണം? അതാണെന്റെ രാഷ്ട്രീയം. എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും.’ കന്‍വാല്‍ കുറിച്ചു.
ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്ന പ്രവര്‍ത്തന രീതിയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് കന്‍വാല്‍. ‘കേരളത്തിലെ കൊലക്കളങ്ങള്‍’ എന്ന പേരില്‍, കേരളത്തില്‍ സംഘ്പരിവാറുകാര്‍ മാത്രം കൊല്ലപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ടുള്ള രാഹുലിന്റെ ഷോ സംഘ് പരിവാര്‍ പ്രചരണായുധമാക്കിയിരുന്നു. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ, കായിക, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് ഇതാദ്യമായാണ് കിഴക്കന്‍ ഇന്ത്യയില്‍ നടത്തുന്നത്. മുഖ്യമന്ത്രിമാര്‍, സിനിമാ താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.