ലക്‌നൗ: ഹനുമാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍. ഹനുമാന്‍ കായിക താരമായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്റെ വാദം. ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ട. അദ്ദേഹം മുന്‍ കായിക താരമായിരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ അംരോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചൗഹാന്‍ പറഞ്ഞു.
ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ കായിക താരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഞാന്‍ ഹനുമാനെ ദൈവമായാണ് കാണുന്നത്. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൗഹാന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാജസ്ഥാനില്‍ പൊതുയോഗത്തില്‍ സംസാരിക്കുമ്പോള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഹനുമാന്റെ ജാതി സംബന്ധിച്ച് ആദ്യം പ്രസ്താവന നടത്തിയത്. ഹനുമാന്‍ ദളിതനാണെന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിന് പിന്നാലെ ഹനുമാന്‍ മുസ്ലിമാണെന്നായിരുന്നു ബി.ജെ.പി നേതാവായ ബുകാല്‍ നവാബിന്റെ കണ്ടെത്തല്‍. എന്നാല്‍ ഹനുമാന്‍ ജാട്ട് സമുദായക്കാരനാണെന്നായിരുന്നു യു.പി മന്ത്രി ചൗധരി ലക്ഷ്മി നാരായണന്റെ പ്രസ്താവന.