കോഴ വിവാദം ചൂടേറിയ ചര്‍ച്ചയായ ബി.ജെ.പി സംസ്ഥാന നേതൃ യോഗത്തില്‍ കുമ്മനം രാജശേഖരനെതിരേ രൂക്ഷ വിമര്‍ശനം. കുമ്മനം നേതൃസ്ഥാനത്ത് എത്തിയ ശേഷം പാര്‍ട്ടിയില്‍ അഴിമതി വര്‍ധിച്ചെന്ന് ആരോപിച്ചാണ് വി. മുരളീധര പക്ഷം രംഗത്തെത്തിയത്. മറുഭാഗം ഇതിനെ പ്രതിരോധിച്ചതോടെ ചര്‍ച്ചകള്‍ തര്‍ക്കങ്ങള്‍ക്ക് വഴിമാറി. അച്ചടക്ക നടപടി വി.വി രാജേഷില്‍ മാത്രം ഒതുക്കി നിര്‍ത്തരുതെന്നായിരുന്നു കൃഷ്ണദാസ് വിഭാഗത്തിന്റെ ആവശ്യം. വി.വി രാജേഷ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും പാര്‍ട്ടിയിലെ അഴിമതിക്കെതിരെയാണ് രാജേഷ് നിലകൊണ്ടതെന്നും കൃഷ്ണദാസ് വിഭാഗം പറഞ്ഞു.
മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന്റെയും വ്യാജ രസീതുണ്ടാക്കി പണപ്പിരിവ് നടത്തിയെന്ന വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതൃയോഗം തൃശൂരില്‍ ചേര്‍ന്നത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി ലഭ്യമാക്കാന്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ആരോപണ വിധേയനായ ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ പുറത്താക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ വി.വി രാജേഷിനെ സംഘടനാ ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ട് നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗവുമായി ബന്ധപ്പെട്ടാണ് വ്യാജ രസീതുണ്ടാക്കി പണപ്പിരിവ് നടത്തിയെന്ന് വിവാദമുയര്‍ന്നത്.
അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന കേരളയാത്ര അടുത്തമാസം ഏഴിലേക്ക് മാറ്റി. വി മുരളീധരനാണ് പദയാത്രയുടെ കോര്‍ഡിനേറ്റര്‍. യാത്ര ഈ മാസം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാതലത്തില്‍ യാത്ര നടത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന വിലയിരുത്തലാണ് അടുത്ത മാസം ഏഴിലേക്ക് മാറ്റിയത്. സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 23ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്ര സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഈ മാസം 19ന് തിരുവനന്തപുരത്ത് സ്റ്റീയറിംഗ് കമ്മറ്റി യോഗം ചേരും.
കോഴ വിവാദം പാര്‍ട്ടിയെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട വി മുരളീധരന്‍ പറഞ്ഞു. അത് പരിഹരിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ ‘ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംസ്ഥാന കമ്മിറ്റി യോഗ വിവരങ്ങള്‍ കൈമാറാന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളെ കാണാതിരുന്നതും ചര്‍ച്ചയായി. കോഴ വിവാദത്തെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കുമ്മനം മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.