തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്‍ കോളേജ് അഴിമതി. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായ ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്. അഴിമതി സംബന്ധിച്ച പരാതിക്കാരന്റെ മൊഴിയില്‍ ബിജെപി നേതാവ് എം.ടി. രമേശിനെക്കുറിച്ചും പരാമര്‍ശമുണ്ട്. അന്വേഷണ സമിതി റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു കൈമാറിയതായാണ് വിവരം. വിഷയം ഇതിനകം പ്രതിപക്ഷം പാര്‍ലമെന്റിലും ചര്‍ച്ചയായിരിക്കുകയാണ്.
വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യം. അഴിമതി വിഷയത്തില്‍ എംബി രാജേഷ് സമര്‍പ്പിച്ച അടിയന്തിര പ്രമേയം സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് കോഴ ആരോപണത്തില്‍ ലോകസഭ സ്തംഭിക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.
അതിനിടെ സംസ്ഥാന ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടി. സംഭവം ഗൗരവമുള്ളതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.
തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനായി വേണ്ട ഒത്താശ ചെയ്യാമെന്നേറ്റു ബിജെപി നേതാക്കള്‍ കോടികള്‍ വാങ്ങിയെന്ന ആക്ഷേപമാണ് സംസ്ഥാന നേതൃത്വത്തിനു നേരെ ഉയര്‍ന്നത്. പാര്‍ട്ടിയുടെ ഒരു സെല്‍ കണ്‍വീനറുടെ നേതൃത്വത്തിലുളളവര്‍ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ആര്‍ ഷാജിയില്‍ നിന്നും 5 കോടി 60 ലക്ഷം രൂപ കോഴയായ വാങ്ങിയെന്നാണ് ആരോപണം.
പണം കൊടുത്തെങ്കിലും കാര്യം നടന്നില്ലെന്നു വന്നതോടെ സംരംഭകന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഇടപെട്ടു അന്വേഷണം നടത്തുകയായിരുന്നു.
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ആര്‍ ഷാജിയില്‍ നിന്നും 5 കോടി 60 ലക്ഷം രൂപ കോഴയായി ആര്‍എസ് വിനോദ് വാങ്ങിയെന്നാണ് കമ്മീഷനോട് സമ്മതിച്ചത്. മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും അനുമതി തരപ്പെടുത്താന്‍ പെരുമ്പാവൂരിലെ മുസ്ലിം ഹവാല ഇടപാടുകാരന്‍ വഴി ദില്ലിയിലുള്ള സതീഷ് നായര്‍ക്ക് നല്‍കിയെന്നും വിനോദ് സമ്മതിച്ചു. ഇത് തന്റെ ബിസിനസ്സിന്റെ ഭാഗമാണെന്ന വിനോദിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.