മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിത്തരാമെന്ന് വാഗ്ദനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ കോടികള്‍ തട്ടിയെന്ന വാര്‍ത്തക്കു പിന്നാലെ മലപ്പുറം ജില്ലാ ബി.ജെ.പിയിലും കോഴ ആരോപണം. ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ്, ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്നാണ് പരാതി. കൈരളി പീപ്പിളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മഞ്ചേരി സ്വദേശിയായ ഔസേപ്പില്‍ നിന്ന് 10 ലക്ഷം രൂപയാണ് രശ്മില്‍ നാഥ് കൈക്കൂലി വാങ്ങിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയിലുള്‍പ്പെട്ട മകനുവേണ്ടി ജോലി വേഗത്തില്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞാണ് പണംപറ്റിയത്. തട്ടിപ്പുകേസായതിനാല്‍ സി.ഐ നേരിട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ പരാതിക്കാരനെ സ്വാധഈനിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു കൈക്കൂലി ആരോപണത്തില്‍പ്പെട്ട രശ്മില്‍ നാഥ്.