കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളിനെതിരേ ഗുരുതര ആരോപണവുമായി ബി.ജെ.പി. എം.എല്‍.എയും രാജസ്ഥാന്‍ മുന്‍ സ്പീക്കറുമായ കൈലാഷ് ചന്ദ്ര മേഘ്‌വാള്‍. അഴിമതിക്കാരില്‍ ഒന്നാമനാണ് അര്‍ജുന്‍ റാം മേഘ്‌വാളെന്ന് ആരോപിച്ച കൈലാഷ് ചന്ദ്ര, അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തുവെന്ന് കൂട്ടിച്ചേര്‍ത്തു.
‘അഴിമതിക്കാരില്‍ ഒന്നാമനാണ് അര്‍ജുന്‍ മേഘ്‌വാള്‍. അദ്ദേഹത്തിനെതിരേയുള്ള അഴിമതിക്കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നയാളെയാണ് നിയമന്ത്രിയാക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാന്‍ കത്തെഴുതിയിട്ടുണ്ട്. പാവപ്പെട്ടവനെന്നോ പിന്നോക്കക്കാരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം എല്ലാവരില്‍ നിന്നും പണം വാങ്ങിയിരിക്കുന്നത്’ കൈലാഷ് ചന്ദ്ര മേഘ്‌വാള്‍ ഭില്‍വാരയില്‍ നടന്ന പൊതു പരിപാടിയില്‍ വെച്ച് ആരോപിച്ചു.
കേന്ദ്രമന്ത്രി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് തന്നെ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷതേടിയാണെന്നും കൈലാഷ് മേഘ്‌വാള്‍ ആരോപിച്ചു. അദ്ദേഹം കളക്ടര്‍ ആയിരുന്നപ്പോള്‍ ലക്ഷക്കണക്കിന് അഴിമതിയാണ് നടത്തിയത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ട കേസുകള്‍ നടന്നു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.