X

മരിച്ചുപോയ ബിജെപി യുവനേതാവിന്റെ പേരില്‍ മല്‍സരിക്കുന്ന അമ്മക്ക് വോട്ടഭ്യര്‍ത്ഥന

കൊല്ലം:മരിച്ചുപോയ ബിജെപി യുവനേതാവിന്റെ പേരില്‍ അമ്മക്ക് വോട്ടര്‍ഭ്യര്‍ത്ഥിക്കുന്ന കത്തിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. കൊല്ലം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോകിലയുടെ അമ്മ ബി ഷൈലജ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുണ്ട്. അവര്‍ക്കുള്ള വോട്ടഭ്യര്‍ത്ഥനയാണ് മരിച്ച മകളുടെ പേരില്‍ അച്ചടിച്ചിറക്കിയിരിക്കുന്നത്.

മരിച്ച മകള്‍ പരലോകത്തിരുന്ന് അമ്മക്ക് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് കത്തില്‍. എന്നാല്‍ ഇതിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനമേറ്റിരിക്കുകയാണ്. ഇതൊരു നീചമായ പ്രവര്‍ത്തിയാണെന്ന് ചിലര്‍ പറയുന്നു. ഇത് ചട്ടമാണോ ചട്ടലംഘനമാണോയെന്ന് മറ്റൊരാള്‍ ചോദിക്കുന്നുണ്ട്.

വോട്ടഭ്യര്‍ത്ഥിച്ചുള്ള കത്ത്:

എന്റെ പ്രിയപ്പെട്ട കുടുംബാംഗമേ,

ഞാന്‍ കോകില എസ്.കുമാര്‍. ഈശ്വര കൃപയാല്‍ നിങ്ങള്‍ക്കേവര്‍ക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എന്നെ സ്നേഹിച്ച നിങ്ങളുടെ സന്തോഷമാണ് എന്നും എനിക്കിഷ്ടം. നിങ്ങളെ സേവിക്കാന്‍ നിങ്ങള്‍ നല്‍കിയ അവസരം പൂര്‍ത്തീകരിക്കുവാന്‍ കാലം എന്നെ അനുവദിച്ചില്ല. നിങ്ങള്‍ എനിക്കായി നല്‍കിയ വിലമതിക്കാനാവാത്ത സ്നേഹം ഈ കൊച്ചു പ്രായത്തില്‍ എനിക്കു കിട്ടിയ അഭിമാനകരമായ അംഗീകാരമാണ്. എന്റെ വേര്‍പാടില്‍ കഴിഞ്ഞ പൊന്നോണ നാളില്‍ വിതുമ്പലോടെ എന്റെ നാട് എന്നെ യാത്രയാക്കിയപ്പോഴും നിങ്ങളെ പിരിയാന്‍ എനിക്കാകില്ല എന്ന സത്യം ഞാന്‍ അറിയിച്ചു. അത്രമാത്രം പ്രിയപ്പെട്ടവരാണ് നിങ്ങള്‍ ഓരോരുത്തരും. ഞാന്‍ ഒരു കാര്യം മാത്രം നിങ്ങളോട് ചോദിക്കുകയാണ്. നേരിട്ടുവന്ന് ചോദിക്കാന്‍ വിധി കനിഞ്ഞില്ല. എങ്കിലും പ്രിയമുള്ളവരെ അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ എനിക്കു നല്‍കിയ അംഗീകാരം പിന്തുടരാന്‍ അച്ഛനും ഞാനും വേര്‍പെട്ട വിതുമ്പലോടെ തേവള്ളിയില്‍ ജനവിധി തേടുന്ന എന്റെ പ്രിയ മാതാവ് ബി. ഷൈലജയെ അനുഗ്രഹിച്ച് വിജയിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ഇനിയൊരിക്കലും മറ്റൊരാഗ്രഹവുമായി നിങ്ങള്‍ക്കു മുമ്പിലേക്ക് ഞാന്‍ ഉണ്ടാവില്ല. എന്റെ ഈ മോഹം സ്നേഹത്തോടെ അങ്കിളും ആന്റിയും ചേച്ചിമാരും ചേട്ടന്മാരും സാധിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാന്‍ നിര്‍ത്തുന്നു.

chandrika: