സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ലാത്ത മണിപ്പൂരില്‍ എന്‍ ബീരേന്‍ സിംഗ് സര്‍ക്കാരിനെതിരെ തിരിഞ്ഞ് സംസ്ഥാന ബി.ജെ.പി നേതൃത്വം. സര്‍ക്കാരില്‍ അതൃപ്തി വ്യക്തമാക്കി സംസ്ഥാന അധ്യക്ഷ അടക്കം 8 നേതാക്കള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നാണ് വിമര്‍ശനം.
ബീരേന്‍ സിംഗ് സര്‍ക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാണ്. അഭയാര്‍ഥികള്‍ക്ക് പുനരധിവാസം ഉടന്‍ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങള്‍ അവസാനിപ്പിക്കണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്.
തങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന അഭ്യര്‍ഥനയും നേതാക്കള്‍ കത്തിലൂടെ നദ്ദയെ അറിയിച്ചു.ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിലെ പ്രതിസന്ധികള്‍ കാര്യങ്ങള്‍ വഷളാക്കുന്ന സാഹചര്യമാണ് മണിപ്പൂരിലേത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെയും ഗവര്‍ണര്‍ അനുസുയ യുക്കിയുടെയും വസതിക്ക് മുന്നില്‍ പ്രതിഷേധം തുടരാനാണ് മെയ്‌തെയ് വിഭാഗത്തിന്റെ തീരുമാനം. മെയ്‌തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം, വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
വിദ്യാര്‍ഥികളുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം മണിപ്പൂരില്‍ തുടരുകയാണ്. കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചു എന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.