തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോഴ ഇടപാട്, പാര്‍ട്ടിതല കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശനും എ.കെ നസീറും വിജിലന്‍സിന് മുമ്പാകെ സമ്മതിച്ചു. കോഴ ഇടപാട് സംബന്ധിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറിയതായി ഇരുവരും വിജിലന്‍സ് അന്വേഷണസംഘത്തിനോട് വെളിപ്പെടുത്തി.
കന്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷത്തിന്റെ ഇടപാടുമാത്രമേ നടന്നിട്ടുള്ളൂവെന്ന മെഡിക്കല്‍ കോളജ് ഉടമയുടെയും ബി.ജെ.പി നേതാക്കളുടെയും അവകാശവാദത്തെ തള്ളിയ കമ്മീഷന്‍ അംഗങ്ങള്‍, 5.60 കോടിയുടെ ഇടപാടുതന്നെയാണ് നടന്നതെന്നും വിജിലന്‍സിനോട് സമ്മതിച്ചു. ഇക്കാര്യം കാണിച്ച് ഒരു കരട് റിപ്പോര്‍ട്ട് തയാറാക്കി പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനത്തിന് ഇമെയില്‍ സന്ദേശം അയിച്ചിരുന്നുവെന്നും ഇരുവരും മൊഴി നല്‍കി. ഈ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് തങ്ങള്‍ക്ക് അറിയിയില്ല.
എന്നാല്‍ എം. ടി രമേശിനെതിരെ പരാമര്‍ശമുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിജിലന്‍സ് ചോദ്യത്തിന് ഇരുവരും മലക്കം മറിഞ്ഞു. പ്രചരിക്കുന്ന റിപ്പോര്‍ട്ട് തങ്ങളുടേതല്ലെന്നായിരുന്നു ഇരുവരുടെയും മൊഴി. മെഡിക്കല്‍കോഴ ആരോപണത്തില്‍ പണമിടപാട് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ ബി.ജെ.പി അന്വേഷണ കമ്മീഷണനംഗങ്ങള്‍ എന്ന നിലയ്ക്കാണ് കെ.പി ശ്രീശന്റെയും എ.കെ നസീറിന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്.
കേസില്‍ ആരോപണവിധേയനായ ബി.ജി.പി മുന്‍ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ്, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖന്‍ എന്നിവരില്‍നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ടും താന്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എം.ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മൊഴി.