ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പി നേതാക്കാളാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന യു.എന്‍ വിദഗ്ധന്‍ തെന്തായ് അച്ച്യൂമെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് മൂസ്്‌ലിംകളേയും, ദളിതരേയും ലക്ഷ്യം വയ്ക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പരമാര്‍ശങ്ങള്‍ നടത്തുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇന്ത്യയിലെ ബിജെപി നേതാക്കള്‍ ചെയ്യുന്നതെന്ന് മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് യുഎന്നിന് സമര്‍പ്പിക്കപ്പെട്ട വിശദമായ എക്‌സ്‌പേര്‍ട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വര്‍ഗീയത, വര്‍ണ വിവേചനം, ഇതുമായി ബന്ധപ്പെട്ട അസഹിഷ്ണത തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ 2017 യു.എന്‍ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു എന്നിന്റെ മനുഷ്യാവകാശ വിദഗ്ധന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദളിത്, മുസ്്‌ലീം, ആദിവാസി, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ഹിന്ദു ദേശീയ വാദികളുടേയും ബിജെപിയുടേയും വിജയവും തമ്മില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങളെ പുറത്താക്കുന്നതിനായി ദേശീയ പാര്‍ട്ടികളോ, പ്രമുഖ പാര്‍ട്ടികളെ ഭരണപരമായ പരിഷ്‌കാരം നടത്തുന്നുണ്ടെന്നും അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പരാമര്‍ശിച്ചു കൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. അസം എന്‍.ആര്‍.സി സംബന്ധിച്ച ആശങ്കകള്‍ പങ്കു വെച്ച് കൊണ്ട് ഈ വര്‍ഷം മെയില്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിരുന്നെന്നും അച്യുമെ റിപ്പോര്‍ട്ടില്‍ പറയുന്നു.