പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടുകളില്‍ വിയോജിപ്പുള്ള ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപിയിലേക്ക് കൂടുമാറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിജെപി സീറ്റ് നിഷേധിച്ച രണ്ട് മുതിര്‍ന്ന നേതാക്കളാണ് എല്‍ജെപിയില്‍ ചേര്‍ന്നത്.
2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനുമായ രാജേന്ദ്ര സിങ് ആണ് പാര്‍ട്ടിവിട്ട ഒരു പ്രമുഖന്‍. ഇദ്ദേഹം മത്സരിച്ചിരുന്ന ദിനാര സീറ്റ് ജെഡിയുവിന് വിട്ടുകൊടുത്ത ബിജെപി ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ചിരാഗ് പാസ്വാനെ കണ്ട അദ്ദേഹത്തെ എല്‍ജെപി ദിനാരയിലെ അവരുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പാലിഗഞ്ചില്‍ നിന്നുള്ള എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഉഷാ വിദ്യാര്‍ത്ഥിയാണ് പാര്‍ട്ടി വിട്ട മറ്റൊരാള്‍. നിലവില്‍ ബിഹാര്‍ വനിതാ കമ്മീഷന്‍ അംഗമായ അവര്‍ പാലിഗഞ്ചില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാലിഗഞ്ച് ബിജെപി ജെഡിയുവിന് വിട്ടുകൊടുത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ബിജെപി വിട്ട വിദ്യാറാണിയാണ് പാലിഗഞ്ചില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക് ചേക്കേറുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.