X

‘ഏകാധിപത്യ നിലപാടും പിടിപ്പുകേടും’; കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപം!

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പൊട്ടിത്തെറി രൂക്ഷം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ രംഗത്തെത്തി. ഇരുപക്ഷവും ബിജെപി കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും മാറ്റണമെന്നാണ് ഇരു കത്തുകളിലെയും പ്രധാന ആവശ്യം. തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ല. പ്രകടനപത്രിക തയ്യാറാക്കിയില്ല. സംസ്ഥാന പ്രസിഡന്റിന് പിടിപ്പുകേടും ഏകാധിപത്യ നിലപാടുമെന്നും കത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നു.

സ്ഥിതി തുടര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയെന്നും മുന്നറിയിപ്പ് നല്‍കുന്നു. 2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും വിമര്‍ശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്ത തോല്‍വിയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രന്‍ ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം. ശോഭാ സുരേന്ദ്രന്‍, പിഎം വേലായുധന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നതേയില്ല എന്നും ശോഭ സുരേന്ദ്രന്‍ വിഭാഗം നല്‍കിയ കത്തില്‍ ആരോപിക്കുന്നു.

 

Test User: