ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് ഗ്രാമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റിനു വേണ്ടി കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതിമോര്‍ച്ചയുടെ മധ്യപ്രദേശ് ഘടകം പ്രസിഡന്റ് നീരജ് ശാകിയയാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. ഭോപ്പാലില്‍ നിന്നും ഇന്നലെയാണ് ഇവരെ അറസ്റ്റു ചെയ്തത്. നീരജും സംഘവും ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ഭോപ്പാലില്‍ എത്തിച്ചശേഷം അവരെ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടികൂടിയ ഫ്‌ളാറ്റില്‍ നിന്നും നാലു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. വെബ്‌സൈറ്റ് വഴിയാണ് റാക്കറ്റ് നടത്തിയിരുന്നത്. തൊഴില്‍ സൈറ്റുകളില്‍ അപേക്ഷ നല്‍കുന്ന പെണ്‍കുട്ടികളെയാണ് സംഘം നോട്ടമിട്ടിരുന്നത്. തൊഴില്‍ സൈറ്റുകളില്‍ നല്‍കുന്ന ബയോഡാറ്റയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇവരുമായി ബന്ധപ്പെടുകയാണ് സംഘം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിനു പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചതായി പറയുന്നു.
മൂന്നു മാസമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈബര്‍ സെല്‍ വിഭാഗം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നാണ് വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നത്. റെയ്ഡിനെത്തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു ബിജെപി നേതാവിനെ പൊലീസ് തിരയുന്നുണ്ട്.