ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ബിജെപി നേതാവ് സുര്‍ജിത് കുമാര്‍ ജയനി. പഞ്ചാബിലെ കര്‍ഷകരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ച എട്ടംഗ ബിജെപി സമിതിയിലെ അധ്യക്ഷനാണ് ജയനി. ഇത് ജനാധിപത്യമാണ് എന്നും എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവകാശം ഉണ്ട് എന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘രാംലീലാ മൈതാനത്ത് അണ്ണ ഹസാരെയ്ക്കും രാംദേവിനും അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് വലിയ റാലികള്‍ സംഘടിപ്പിക്കാമെങ്കില്‍ എന്തു കൊണ്ട് കര്‍ഷകര്‍ക്ക് അതു അനുവദിച്ചു കൂടാ’ – എന്നാണ് ശിരോമണി അകാലിദള്‍-ബിജെപി സഖ്യസര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജയനിയുടെ ചോദ്യം.
കര്‍ഷകരെ ബാരിക്കേഡുകളും ജലപീരങ്കിയുമായി നേരിട്ട ഹരിയാന സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ജനാധിപത്യത്തില്‍ ജനങ്ങളെ കൈകാര്യം ചെയ്യുന്ന യഥാര്‍ത്ഥ മാര്‍ഗം ഇങ്ങനെയല്ല. ഡല്‍ഹിയില്‍ ഉണ്ടാക്കിയ നിയമത്തെ കുറിച്ച് പറയാന്‍ അവിടേക്ക് തിരിച്ച കര്‍ഷകരായിരുന്നു അവര്‍. അതു കൊണ്ടു തന്നെ അവരെ പോകാന്‍ അനുവദിക്കേണ്ടിയിരുന്നു. കര്‍ഷകരെ തടഞ്ഞുനിര്‍ത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കര്‍ഷകര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണ്. കര്‍ഷകരോട് സൗഹൃദത്തില്‍ പെരുമാണം എന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ വിളിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. അവരാണ് നമുക്കെല്ലാം ഭക്ഷണം തരുന്നത്. ജനാധിപത്യത്തില്‍ അവര്‍ക്ക് മുമ്പോട്ടു പോകേണ്ടതുണ്ട്. നിലവല്‍ അവര്‍ക്ക് ഡല്‍ഹിയിലേക്ക് അനുമതി നല്‍കിയതില്‍ ഞാന്‍ സന്തുഷ്ടനാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രി അമിത് ഷായും തന്നെ ഇക്കാര്യത്തില്‍ രണ്ടു തവണ വിളിച്ചിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ ഉന്നതാധികാര സമിതിക്കു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് കര്‍ഷക നേതാക്കള്‍ കേന്ദ്രകൃഷി മന്ത്രിയെ കാണുന്നുണ്ട്. ക്രിയാത്മകമായ ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ- ജയനി കൂട്ടിച്ചേര്‍ത്തു.