രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമുള്ള ബി.ജെ.പി നേതാവ് വസുന്ധര രാജെ സിന്ധ്യയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ജയ്പൂരില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് രാജസ്ഥാന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്. ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടില്ലെങ്കിലും ബി.ജെ.പി നേതാവ് പരിപാടിക്ക് ശേഷം ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ ഡോ. സി.പി. ജോഷിയും പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ വസുന്ധരയുടെയും ഗെഹ്ലോട്ടിന്റെയും ക്രോപ് ചെയ്ത ചിത്രങ്ങളാണ് പ്രചരിച്ചത്. തുടര്‍ന്ന് ക്രോപ് ചെയ്യാത്ത ഫോട്ടോ പങ്കുവെക്കാന്‍ വസുന്ധര രാജെയുടെ ഓഫിസ് നിര്‍ബന്ധിതമായി.
രാജസ്ഥാനില്‍ ഈ വര്‍ഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണകക്ഷിയിലെ ഭിന്നത മുതലെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ബി.ജെ.പി.
സ്വന്തം തട്ടകത്തിലൂടെയുള്ള ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ അവസാനഘട്ടത്തില്‍ വസുന്ധര വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി ബി.ജെ.പി രൂപീകരിച്ച 2 കമ്മിറ്റികളില്‍ നിന്ന് വസുന്ധ രാജെയെയും പ്രതിപക്ഷനേതാവ് റാത്തോഡിനെയും ഒഴിവാക്കിയതും വലിയ ചര്‍ച്ച വിഷയമായിരുന്നു. ഇതിനിടയിലാണ് വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്.