X

ഹിന്ദു യുവതിയെ കൊണ്ട് മുസ്‌ലിം യുവാവിനെ കുടുക്കി ബി.ജെ.പി നേതാവ്; കള്ളക്കളി പൊളിഞ്ഞത് കോടതിയില്‍

Judge holding gavel in courtroom

ലക്‌നൗ: ഹിന്ദു യുവതിയെ കൊണ്ട് മുസ്‌ലിം യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസും ലൗ ജിഹാദ് കേസും കൊടുപ്പിച്ച് കുടുക്കാന്‍ ശ്രമിച്ച് യു.പി യിലെ ബി.ജെ.പി നേതാവും സുഹൃത്തും. മൂവരുടേയും കള്ളക്കളി പൊളിഞ്ഞത് കേസ് കോടതിയിലെത്തിയപ്പോള്‍. 24 കാരിയായ യുവതിയാണ് ബിസിനസുകാരനായ പ്രിന്‍സ് ഖുറേഷി എന്ന 27 കാരനെതിരെ പീഡന പരാതി നല്‍കിയത്.മോനു ഗുപ്ത എന്ന പേരിലാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയതെന്നും വിവാഹവാഗ്ദാനം നല്‍കി യു.പി യിലെ കസ്ഗഞ്ചില്‍ വച്ച് പീഡിപ്പിക്കുകയും ലൗ ജിഹാദിന് ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു 24 കാരിയായ യുവതിയുടെ പരാതി.

പരാതിയില്‍ യുവാവിനെതിരെ ബലാത്സംഗം, മുറിവേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.ഇതിനിടെ, യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, യുവമോര്‍ച്ചാ ജില്ലാ നേതാവായ അമന്‍ ചൗഹാന്‍ (38), ആകാശ് സോളങ്കി (28) എന്നിവര്‍ 200 ഓളം സംഘ്പരിവാര്‍ പ്രവര്‍ത്തകരേയും കൂട്ടി ഗഞ്ച്ദുന്ദ്വാര പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോഴാണ് ട്വിസ്റ്റ് ഉണ്ടായത്. ഖുറേഷിക്കെതിരെ താനുന്നയിച്ചത് വ്യാജ ആരോപണമാണെന്നും അത് പറയിച്ചതും പരാതി കൊടുപ്പിച്ചതും ചൗഹാനും സോളങ്കിയുമാണെന്നും യുവതി കോടതിയില്‍ വെളിപ്പെടുത്തി.

പീഡന കേസില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാവാന്‍ കോടതി നിര്‍ദേശിച്ചതോടെയാണ് യുവതി ബിജെപി നേതാവിന്റേയും സുഹൃത്തിന്റേയും ഗൂഡാലോചനയടക്കമുള്ള സത്യം മുഴുവന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൗഹാനും സോളങ്കിയും കുറ്റസമ്മതം നടത്തുകയും ചെയ്തു. പിന്നാലെ മൂവര്‍ക്കെതിരെയും കുറ്റകരമായ ഗൂഡാലോചന വകുപ്പ് ചുമത്തി കേസെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.അതേസമയം, വൈദ്യ പരിശോധനയ്ക്ക് പോവാന്‍ പരാതിക്കാരി തയ്യാറായില്ലെന്നും അന്വേഷണത്തില്‍ ഖുറേഷിക്കെതിരായ യുവതിയുടെ ആരോപണങ്ങളെല്ലാം കളവാണെന്ന് ബോധ്യപ്പെടുകയും ചൗഹാനും സോളങ്കിയുമാണ് തന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് യുവതി സമ്മതിക്കുകയും ചെയ്തതായി കസ്ഗഞ്ച് എസ്പി മൂര്‍ത്തി അറിയിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് ഖുറേഷിക്കെതിരായ വ്യാജ പീഡന പരാതിക്കു പിന്നിലെന്ന് കരുതുന്നതായി എസ്പി പറഞ്ഞു. അതേസമയം, സംഭവത്തിനു പിന്നാലെ ചൗഹാനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി ജില്ലാ പ്രസിസന്റ് കെ പി സിങ് അറിയിച്ചു.

Chandrika Web: