ഉത്തര്‍ പ്രദേശിലെ മുസ്ലിംകള്‍ക്കെതിരില്‍ ബി.ജെ.പി നേതാവിന്റെ പരസ്യ താക്കീത്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ തന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സമീപ ഭാവിയില്‍ തന്നെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് കുമാര്‍ ശ്രീവാസ്തവയുടെ താക്കീത്. നവാബഗാങില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ഈ ഭീഷണി.
‘ഇത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സര്‍ക്കാറാണ്. സമാജ് വാദ് പാര്‍ട്ടിയുടെ സര്‍ക്കാറല്ല. നിങ്ങള്‍ക്ക് ജില്ലാ കോടതിയിലേക്ക് പോകാനോ പോലീസ് സുപ്രണ്ടിനെയോ കാണാന്‍ കഴിയില്ല. ഇവിടെ ഒരു നേതാവും നിങ്ങളെ സഹായിക്കാനെത്തില്ല. ഒരു ആപത്തും കൂടി നിങ്ങള്‍ കാത്തിരുന്നോളൂ. ഞങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍, പാര്‍ട്ടി നേതാവ് രഞ്ചിത്തിന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ സ്വയം നാശം തെരെഞ്ഞെടുക്കുകയാണ്. ഇവിടെ സമാജ്‌വാദ് പാര്‍ട്ടി നിങ്ങളെ സഹായിക്കാനെത്തില്ല. ഇത് ബി.ജെ.പി യുടെ ഇടമാണ്.
മുസ്ലിംകള്‍, ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ മുമ്പില്‍ യാചിക്കാനില്ല. ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ സന്തോഷത്തോടെ കഴിയാം. അല്ലെങ്കില്‍ വലിയ ദുരന്തങ്ങളുടെ ഭാവി നിങ്ങള്‍ കാത്തിരുന്നോളൂ.
സംസ്ഥാന മന്ത്രിമാരായ രാമപാതി ശാസ്ത്രി, ധാറാ സിങ് ചൗഹാനും സന്നിഹിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 22, 26, 29 തിയ്യതികളിലാണ് വോട്ടിംഗ്. ഡിസംബര്‍ ഒന്നിനാണ് ഫലം പുറത്തു വരുന്നത്.