കല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ പൊലീസ് സ്‌റ്റേഷന് തീയിടുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി എം.എല്‍.എ സ്വപന്‍ മജുംദാര്‍. നേതാവിന്റെ സ്വന്തം മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരികുമ്പോഴായിരുന്നു പോലീസ് സ്‌റ്റേഷന് നേരെ ഭീഷണി മുഴക്കിയത്. അശോക് നഗറിലെ പൊലീസ് സ്‌റ്റേഷന് നേരെയായിരുന്നു ഭീഷണി.
ലോക്കല്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സഹായം ചെയ്യുകയാണെന്ന് എം.എല്‍.എ ആരോപിച്ചു. ഭരണപക്ഷത്തിനെതിരെ പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്നാല്‍ സ്‌റ്റേഷന് തീയിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് നേതാവിന്റെ പരാമര്‍ശം.
അതേസമയം മജൂംദാറിന്റെ പ്രസംഗത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി. മജൂംദാര്‍ പറഞ്ഞ വാക്കുകള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഭരണപക്ഷം നടത്തുന്ന അക്രമത്തിനെതിരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞുപോയതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ ന്യായികരിച്ചു.