ചെന്നൈ: പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശം നടത്തിയ തമിഴ്‌നാട് ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒബിസി വിഭാഗ നേതാവ് സൂര്യ ശിവയാണ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സൂര്യ ശിവയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നടപടി സ്വീകരിക്കുകയായിരുന്നു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്.
സൂര്യ ശിവ സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുമെന്നും ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നും പറയുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. വ്യാഴാഴ്ച ഇരു നേതാക്കളും അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സസ്‌പെന്‍ഷന്‍ കാലാവധിയില്‍ അണിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാം. പെരുമാറ്റത്തില്‍ മാറ്റമുണ്ടായാല്‍ ആറ് മാസത്തിനു ശേഷം ചുമതലകള്‍ തിരികെനല്‍കുമെന്ന് അണ്ണാമലൈ പറഞ്ഞു. മുതിര്‍ന്ന ഡി.എം.കെ നേതാവും പാര്‍ട്ടിയുടെ രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. ഈ വര്‍ഷം മെയിലാണ് സൂര്യ ശിവ ബി.ജെ.പിയില്‍ ചേര്‍ന്നത്.