ലക്‌നോ: സ്വര്‍ണത്തിനും വെള്ളിക്കും പകരം ഈ ദീപാവലിയില്‍ ഇരുമ്പ് വാളുകളാണ് വാങ്ങിവെക്കേണ്ടതെന്ന് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ട് യു.പിയിലെ ബി.ജെ.പി നേതാവ്. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ ദയൂബന്ദ് സിറ്റി പ്രസിഡന്റ് ഗജരാജ് റാണ ആഹ്വാനം. രാമക്ഷേത്രം പണിയണമെന്നാവും സുപ്രീംകോടതി വിധിയെന്ന് ഉറപ്പുണ്ടെന്നും വിധി തീര്‍ച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തുമെന്നും അതിനാല്‍ മുന്‍കരുതലെന്ന നിലക്ക് ആയുധങ്ങള്‍ വാങ്ങണമെന്നുമായിരുന്നു ഗജരാജ് റാണ പറഞ്ഞത്. സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്- ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി അയോധ്യ കേസില്‍ 40 ദിവസം നീണ്ടുനിന്ന വാദം പൂര്‍ത്തിയാക്കിയത്. പ്രസംഗം വിവാദമായതോടെ തന്റെ പ്രസ്താവന ഒരു നിര്‍ദ്ദേശം മാത്രമാണെന്നും അതില്‍ കൂടുതലൊന്നും വായിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഞങ്ങളുടെ ആചാരങ്ങളില്‍ പോലും ഞങ്ങള്‍ ആയുധങ്ങള്‍ പൂജിക്കുന്നുവെന്നും നമ്മുടെ ദേവീദേവന്മാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞ ഗജരാജ് റാണ തന്റെ പ്രസ്താവന നിലവിലുള്ള മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തെ ഓര്‍മപ്പെടുത്തുന്നതും തന്റെ സമുദായത്തിലെ അംഗങ്ങള്‍ക്കുള്ള നിര്‍ദേശവുമായിരുന്നുവെന്നും പറഞ്ഞു. ബിജെപി നേതാവ് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിഗത നിലപാടാണെന്നും അഭിപ്രായത്തില്‍ നിന്ന് വ്യതിചലിച്ച് ബിജെപി ഉത്തര്‍പ്രദേശ് വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു. ഇതാദ്യമായല്ല റാണ വിവാദ പ്രസ്താവന നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ദയൂബന്ദിലെ ദാറുല്‍ ഉലൂം തീവ്രവാദത്തിന്റെ പര്യായമാണെന്ന് പറഞ്ഞത് വിവാദമായിരുന്നു.
അയോധ്യാ വിധി; ആയുധം വാങ്ങി സൂക്ഷിക്കണമെന്ന് ബി.ജെ.പി നേതാവ്
Tags: ayodhya case
Related Post