X

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ

പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിയിലെ മോദി വിരുദ്ധപക്ഷക്കാരനായ സിന്‍ഹ ബിഹാറിലെ ബി.ജെ.പിയുടെ സഖ്യക്ഷിയായ ജെ.ഡി-യുവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.ജെ.ഡിയുടെ ഇഫ്താറില്‍ പങ്കെടുത്തത്.

ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയ നടന്‍ ശത്രുഘ്നന്‍ സിന്‍ഹ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍.ജെ.ഡിയുടെ ടിക്കറ്റിലോ താന്‍ മത്സരിക്കുമെന്നാണ്  പറഞ്ഞത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കുടുംബസുഹൃത്തുക്കള്‍ക്കൊപ്പം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബിഹാറിലെ പാറ്റ്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പിയുടെ എം.പിയാണ് സിന്‍ഹ

 

അതേസമയം എന്തുകൊണ്ടാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി-യുവിന്റെ ഇഫ്താര്‍ പാര്‍ട്ടി അവഗണിച്ചത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹജ്ജ് ഹൗസില്‍ നടക്കുന്ന ചടങ്ങിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. ഇഫ്താര്‍ വിരുന്നിനെത്തിയ സിന്‍ഹ
രണ്ട് മണിക്കൂറോളം സമയം തേജസ്വി യാദവിന്റെ വസതിയില്‍ തങ്ങിയ ശേഷമാണ് മടങ്ങിയത്. മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവും വസതിയിലുണ്ടായിരുന്നു.

ബി.ജെ.പിയില്‍ സിന്‍ഹയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് ബിഹാര്‍ ഘടകം ബി.ജെ.പി അധ്യക്ഷന്‍ നിത്യാനന്ദ് റായ് സംഭവത്തില്‍ പ്രതികരിച്ചു. സിന്‍ഹക്കെതിരായ നടപടി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍  നിന്നും ഉടന്‍ ഉണ്ടാകുമെന്നുംറായ് പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടുത്തെ ഇഫ്താര്‍ വിരുന്ന് തീരുമാനിച്ചതായിരുന്നു. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനാവഞ്ഞത്. ആര്‍.ജെ.ഡിയുടെ പ്രതിനിധിയായി രാജ്യസഭാ അംഗം മനോജ് ജാ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും പ്രതിപക്ഷ ഐക്യത്തിന്റെ വേദി കൂടിയായിരുന്നു രാഹുലിന്റെ ഇഫ്താര്‍ വിരുന്നെന്നും തേജ്വസി യാദവ് പറഞ്ഞു.

 

 

chandrika: