പൂനെ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ബി.ജെ.പി നേതാവും എംപിയുമായ സഞ്ജയ് കാക്കഡെ കോണ്‍ഗ്രസില്‍ ചേരുന്നു. രാജ്യത്തെ മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കന്‍ തീരുമാനിച്ചതായും രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാക്കഡെയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹത്തിന് ലോക്‌സഭയിലേക്ക് ടിക്കറ്റ് നല്‍കുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.
ബി.ജെ.പിയില്‍ ആയിരിക്കെ പൂനെയില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പിക്കുള്ളില്‍നിന്ന് എതിര്‍പ്പ് വന്നതോടെയാണ് കാക്കഡെ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. മുമ്പ് ശരത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി)യോടൊപ്പമായിരുന്ന കാക്കഡെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാജ്യസഭയില്‍ എത്തിയ ശേഷം ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 2017 ഫെബ്രുവരിയില്‍ പൂനെയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തില്‍ അദ്ദേഹത്തിന് സുപ്രധാന പങ്കുണ്ട്. എല്ലാ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും അവസരം നല്‍കുന്ന കോണ്‍ഗ്രസിന് സമ്പന്നമായ പാരമ്പര്യമുണ്ടെന്ന് ബി.ജെ.പി വിടാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് കാക്കഡെ പറഞ്ഞു.
പുതിയ നീക്കം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലെ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞാണ് കാക്കഡെ കോണ്‍ഗ്രസിലേക്ക് വരുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കാക്കഡെ പുറത്തുപോകുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.
ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ കോണ്‍ഗ്രസിലേക്ക്
Tags: BJP