ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് വീട് നിർമിച്ചുനൽകാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്ത്. കർണാടകയുടെ വികസനത്തിന് ചിലവഴിക്കാൻ സർക്കാറിന് പണമില്ലെന്നും എന്നാൽ അയൽ സംസ്ഥാനത്തിന് വേണ്ടി നികുതിപ്പണം പാഴാക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ വീട് നഷ്ടമായ 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും കേരള സർക്കാർ ഇതിനായി ഭൂമി കണ്ടെത്തി നൽകുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പിണറായിക്ക് കത്തയച്ചു.
വീട് നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരള സർക്കാറിന്‍റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവും നിയമസഭ പ്രതിപക്ഷ നേതാവുമായ ആർ. അശോക കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
കോൺഗ്രസ് ഹൈകമാൻഡിനെ പ്രീതിപ്പെടുത്താൻ സിദ്ധരാമയ്യ സർക്കാർ കർണാടകക്കാരുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്നാണ് അശോക ‘എക്‌സ്’ പോസ്റ്റിൽ ആരോപിച്ചത്. കേരളത്തിൽ ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ടവരെ പുനരധിവസിപ്പിക്കുന്ന കർണാടക സർക്കാറിന്, സ്വന്തം സംസ്ഥാനത്ത് വിളനാശം മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക ആശ്വാസം നൽകാനോ ഗുണനിലവാരമില്ലാത്ത മരുന്ന് മൂലം മരിച്ച ഗർഭിണികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനോ ബംഗളൂരുവിലെ കുഴികൾ നിറഞ്ഞ റോഡുകൾ നന്നാക്കാനോ പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ പ്രിയങ്ക ഗാന്ധിയും നേരത്തെ രാഹുൽ ഗാന്ധിയും വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറാവുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
ദുരന്തബാധിതരെ സഹായിക്കാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ നാളിതുവരെ കേരള സര്‍ക്കാറിന്റെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതാണെന്ന് പിണറായിക്കെഴുതിയ കത്തിൽ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമാണെങ്കിൽ വീട് നിര്‍മിക്കാനുള്ള സ്ഥലം പണം നൽകി വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നേരത്തെ ചർച്ച നടത്തിയിരുന്നു. വീട് നിർമിച്ച് നൽകാനുള്ള സ്ഥലം സംബന്ധിച്ച് വിവരം അറിയിക്കാമെന്ന് അന്നത്തെ ചർച്ചയിൽ കേരള ചീഫ് സെക്രട്ടറി കർണാടകയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവരം കൈമാറാൻ വൈകിയ സാഹചര്യത്തിലാണ് കർണാടക കത്തയച്ചത്.
കർണാടക സർക്കാർ അയച്ച കത്തിന് മറുപടി നൽകാൻ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ‘ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്.
എത്ര ലാഘവത്തോടെയാണ് കേരള സർക്കാർ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകുക. അല്ലെങ്കിൽ വീടുകൾ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയിൽ സ്ഥലം വാങ്ങി വീട് നിർമിക്കുന്നതിന് അനുമതി നൽകുക. സർക്കാറിന്‍റെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്’ -അദ്ദേഹം ചൂണ്ടിക്കാട്ടി.