കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി തിതാഗര്‍ കൗണ്‍സിലറുടെ അനുയായിയും നോര്‍ത്ത് 24 പര്‍ഗാസാനാസ് ജില്ലയിലെ നേതാവുമായ മനീഷ് ശുക്ലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ബി.റ്റി റോഡിലെ പൊലീസ് സ്റ്റേഷനു സമീപത്ത് വെച്ച് ബൈക്കിലെത്തിയ സംഘം ആളുകളുമായി സംസാരിച്ചിരിക്കുന്ന മനീഷ് ശുക്ലയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹബ്രയില്‍ വച്ച് നടന്ന ഒരു പാര്‍ട്ടി മീറ്റിന് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് ശുക്ലയ്ക്ക് നേരെ ആക്രമണമുണ്ടായത്.
വെടിയേറ്റു വീണ ശുക്ലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അക്രമികളുടെ മുഖം മാസ്‌ക് വച്ചു മറച്ചിരുന്നതായും ശുക്ലയ്ക്കു നേരെ തുടരെ വെടിയുതിര്‍ത്തിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ശുക്ലയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കും വെടിയേറ്റു. പ്രാദേശിക നേതാവിന്റെ വധത്തെ തുടര്‍ന്ന് ബിജെപി പ്രദേശത്ത് 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു.
അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്ന സാഹചര്യം വിശദീകരണമെന്നാശ്യപ്പെട്ട് ഗവര്‍ണര്‍ ജഗദീപ് സര്‍ക്കാര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സംസ്ഥാന പൊലീസിനും സമന്‍സ് അയച്ചു.
കേന്ദ്ര നേതാക്കള്‍ ഉള്‍പ്പടെ ഇന്നു സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന് ബിജെപി അറിയിച്ചു. സംഭവത്തില്‍ ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.