X

കെ.സുരേന്ദ്രന്‍ വീണ്ടും റിമാന്റില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

റാന്നി: ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ റിമാന്റില്‍.

ഡിസംബര്‍ ആറു വരെയാണ് റിമാന്റ്. ഇന്നു രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കിയ കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയും സുരേന്ദ്രനെ ചദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യവും കോടതി നാളെ പരിഗണിക്കും.

കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രമേഹ രോഗവും നട്ടെല്ലിന് അസുഖവുമുണ്ടെന്നും അതിനുള്ള ചികിത്സാ സൗകര്യങ്ങള്‍ കൊട്ടാരക്കര സബ്ജയിലില്‍ ഇല്ലെന്നും അതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാറ്റണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയും നാളെ കോടതി പരിഗണിക്കും.

ഭാര്യയുമായി ഫോണില്‍ സംസാരിക്കാനുള്ള സൗകര്യം ഒരുക്കിനല്‍കണമെന്ന ആവശ്യവും സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന നാളെ ഈ വിഷയവും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ചിത്തിര ആട്ടവിശേഷത്തിലേക്ക് 52കാരിയെ തടഞ്ഞ സംഭവത്തില്‍ കെ.സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ജയിലിലായ സുരേന്ദ്രന് കഴിഞ്ഞ ദിവസമാണ് പത്തനംത്തിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചത്.

chandrika: