ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ താരം വിജയ് നായകനായ തമിഴ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റ് വഴി കണ്ടുവെന്ന വെളിപ്പെടുത്തല്‍ ബി.ജെ.പി നേതാവിന് പുലിവാലാകുന്നു. മെര്‍സലിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുവന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. സ്വകാര്യ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബി.ജെ.പി ദേശീയ സെക്രട്ടറിയും തമിഴ്‌നാട്ടില്‍നിന്നുള്ള നേതാവുമായ എച്ച് രാജ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കുമെതിരെ ആക്ഷേപഹാസ്യ വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് മെര്‍സലിനെതിരെ രംഗത്തെത്താന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ നയങ്ങളെ പരിഹസിക്കുന്ന സിനിമ ആരോഗ്യ രംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഉള്‍കൊള്ളുന്നുണ്ട്.
ഇതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചക്കിടെ, സിനിമ എങ്ങനെ കണ്ടുവെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെന്ന് രാജ വെളിപ്പെടുത്തിയത്. നിയമവിരുദ്ധ നടപടിയും ശിക്ഷിക്കപ്പെടാവുന്ന കുറ്റവുമാണെന്ന് വ്യക്തമായതോടെയാണ് ബി.ജെ.പി നേതാവിന് അമളി മനസ്സിലായത്. ഇതോടെ വാട്‌സ് ആപില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടു എന്നാണ് താന്‍ പറഞ്ഞതെന്ന തിരുത്തുമായി രാജ രംഗത്തെത്തി.