തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എം.പി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെതാണ് തീരുമാനം. അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്.
രാജനെതിരെ കുറ്റിയാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുറ്റിയാടി കുന്നുമ്മല്‍ സ്വദേശി അശ്വത്(25) നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്വത് ആര്‍എസ്എസ് പാതിരപ്പറ്റ് ശാഖാ മുഖ്യ ശിക്ഷക് ആയി പ്രവര്‍ത്തിച്ച കാലത്താണ് തട്ടിപ്പ് നടന്നത്.
സൈന്യത്തില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന്, ഇതിനായി 1,40,000 രൂപ രാജന് നല്‍കിയിരുന്നുവെന്നാണ് അശ്വതിന്റെ പരാതിയില്‍ പറയുന്നത്. പിന്നീട് ഇത് തട്ടിപ്പായിരുന്നുവെന്ന് മനസിലായതിനെ തുടര്‍ന്നാണ് അശ്വത് പരാതി നല്‍കിയത്.
ജോലിക്കായി, രാജന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം ഇതര സംസ്ഥാനത്തേക്ക് പോയ അശ്വതിന് ഇവിടെ വച്ചാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍ത്തിരുന്നു. എന്നാല്‍ അന്ന് ഒത്തുതീര്‍പ്പില്‍ നിര്‍ദ്ദേശിച്ച രണ്ട് ലക്ഷം രൂപ രാജന്‍ നല്‍കാതിരുന്നതാണ് പ്രശ്‌നം വഷളാക്കിയത്. ഇതേ തുടര്‍ന്നായിരുന്നു അശ്വത് പൊലീസില്‍ പരാതിപ്പെട്ടത്.
ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഇടപെട്ട് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഈ ഉറപ്പും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പൊലീസില്‍ പരാതി നല്‍കുന്നത്. ബിജെപി നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് നടപടി ഉണ്ടായത്.