ലക്‌നൗ: ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്നു പറഞ്ഞ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ബി.ജെ.പി നേതാവ് മുഹമ്മദ് മിയാനാണ് ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.
ബി.ജെ.പി നേതാക്കളായ മുഹമ്മദ് മിയാനും രാജേഷ് സിംഗളും മറ്റു ബിജെപി പ്രവര്‍ത്തകരും കലക്ട്രേറ്റില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. നേതാക്കളെ കണ്ടതും 22 കാരനായ മനോജ് ഗുജ്ജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും താന്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് മാത്രമായിരിക്കും വോട്ട് ചെയ്യുകയെന്നും ഉച്ചത്തില്‍ വിളിച്ചു പറയുകയുമായിരുന്നു.
ഇതില്‍ പ്രകോപിതനായ മിയാന്‍ വാഹനത്തിനുളളില്‍നിന്നും വടിയെടുത്ത് ഗുജ്ജറിനെ അടിക്കുകയും വായില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംഭവം അറിഞ്ഞതോടെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ക്രമസാമാധാന ലംഘനമുണ്ടാക്കിയെന്ന കുറ്റത്തിന് ഗുജ്ജാറിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ഗുജ്ജറിനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും കലക്ട്രേറ്റിനുളളില്‍ വച്ച് സംഭവം നടന്നതിനാല്‍ അയാളെ ജയിലില്‍ അടച്ചിരിക്കുകയാണെന്നും സാംബല്‍ എസ്.പി യമുന പ്രസാദ് പറഞ്ഞു.
അതേസമയം, ഭിന്നശേഷിക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ ബി.ജെ.പി നേതാവ് ന്യായീകരണവുമായി രംഗത്തെത്തി. മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ ഗുജ്ജര്‍ മോശം വാക്കുകളാല്‍ അധിക്ഷേപിച്ചുവെന്നും ഇതില്‍ പ്രകോപിതനായാണ് അയാളെ മര്‍ദ്ദിച്ചതെന്നും പൊതുജനമധ്യത്തില്‍ വച്ച് അയാളോട് ക്ഷമ ചോദിക്കാന്‍ താന്‍ തയ്യാറാണെന്നും മിയാന്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.