ചണ്ഡീഗഢ്: മയക്കുമരുന്ന് വില്‍ക്കുന്നതിനിടെ മുന്‍ വനിതാ എം.എല്‍.എ നാര്‍ക്കോട്ടിക് വിരുദ്ധ സേനയുടെ പിടിയില്‍. പഞ്ചാബ് പൊലീസിന്റെ നാര്‍ക്കോട്ടിക് വിരുദ്ധ വിഭാഗമാണ് ബി.ജെ.പി നേതാവ് സത്കര്‍ കൗര്‍ ഗെഹ്രിയെ ഹെറോയിന്‍ വില്‍ക്കുന്നതിനിടെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
100 ഗ്രാം ഹെറോയിനാണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ബന്ധുവായ ജസ്‌കീരാത് സിംഗിനൊപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച 2 ലക്ഷം രൂപയും സ്വര്‍ണവും നിരവധി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സത്കര്‍ കൗറില്‍ നിന്ന് ലഹരി മരുന്ന് വാങ്ങിച്ചെന്നായിരുന്നു രഹസ്യ വിവരം. സ്വന്തം മൊബൈല്‍ നമ്പര്‍ അടക്കം രണ്ടിലേറെ ഫോണ്‍ നമ്പറുകളാണ് ലഹരി വില്‍പനയ്ക്കായി സത്കര്‍ കൗര്‍ ഉപയോഗിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ സത്കര്‍ കൗര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വില്‍പനയെന്ന് പൊലീസ് പറഞ്ഞു.