കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബി.ജെ.പി നേതാവ് അറസ്റ്റില്‍. മണിപ്പൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബി.ജെ.പി നേതാവും സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്‌ഖോസി സുവിനെയാണ് പിടികൂടിയത്.
40 കോടി വരുന്ന 4.59 കിലോഗ്രാം ഹെറോയിനും 95,000 രൂപയുടെ പഴയ നോട്ടുകളുമാണ് കണ്ടെടുത്തത്. കൂടാതെ ഇവരില്‍ നിന്ന് തോക്കുകളും എട്ടു ബാക്കുകളുടെ പാസ്ബുക്കുകളും നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിനൊപ്പം പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ബി.ജെ.പി നേതാവിനെ കൂടാതെ ഇയാള്‍ക്കൊപ്പം ആറു പേരെയും പൊലീസ് പിടികൂടി.
ചണ്ടേല്‍ ജില്ലാ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ലട്ട്‌ഖോസി സു കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ലാങ്കോള്‍ ഗെയിം ഗ്രാമത്തില്‍ രണ്ട് സ്യൂട്ട്‌കേസുകളിലായാണ് നിരോധിത മയക്കുമരുന്നുകള്‍ ബി.ജെ.പി നേതാവ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.