ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നേരിട്ട തോല്‍വിയില്‍ ഭയമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്. എന്‍.ഡി.എയില്‍ നിന്ന് ഏതാനും കക്ഷികള്‍ പുറത്തുപോയതും തോല്‍വിയും ഉള്‍പ്പെടെ ഒന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്ന് രാംമാധവ് പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് എന്‍.ഡി.എയില്‍ കലഹം ശക്തമായിരിക്കുകയാണ്. മിക്ക സംസ്ഥാനത്തും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ഘടകകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്നും പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണെന്നും രാംമാധവ് പറഞ്ഞു. ഇതിനായി റോഡ്മാപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് ബി.ജെപി.യെന്നാണ് അദ്ദേഹത്തിന്റെ വാദം.
കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ സഖ്യങ്ങളും വേര്‍പിരിയലും സാധാരണമാണ്. ഉള്‍ക്കൊള്ളലും അഡ്ജസ്റ്റുമെന്റുമാണ് അതിന്റെ നയം. ബി.ജെ.പി അതിന് തയ്യാറാണ്. ഉപേന്ദ്ര കുശ്‌വാഹയുടേതുപോലെ ചെറിയ പാര്‍ട്ടികളാണ് മുന്നണി വിട്ടുപോയത്. ഇവര്‍ക്കു പകരം പുതിയ കക്ഷികളെ മുന്നണിയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുകയാണ്.
ദക്ഷിണേന്ത്യ, കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും പാര്‍ട്ടികളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള അണ്ണാഡിഎംകെ, രജനീകാന്തിന്റെ പാര്‍ട്ടി, തെലങ്കാനയില്‍ നിന്നും കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ്, ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജെഡി എന്നിവയെയാണ് ബിജെപി ലക്ഷ്യമിടുന്നത്.
എന്‍ഡിഎയില്‍ നിന്നും മൂന്ന് പാര്‍ട്ടികളാണ് പുറത്തുപോയത്. ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടിയെ കൂടാതെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി, കശ്മീരിലെ മെഹബൂബ മുഫ്തിയുടെ പിഡിപി എന്നിവയാണ് എന്‍ഡിഎ വിട്ടത്.