X

‘സൈനികര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരാണ്’; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നുള്ള ബിജെപി എംപി നേപ്പാള്‍ സിങ്. കശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ഉദ്ധരിച്ചായിരുന്നു നേപ്പാള്‍ സിങിന്റെ വിവാദ പ്രസ്താവന. ‘സൈന്യത്തില്‍ ചേര്‍ന്നാല്‍ മരിക്കേണ്ടി വരും. ദിവസവും സൈനികര്‍ മരിച്ചുവീഴുകയാണ്. ഇന്ത്യയെ പോലെ ലോകത്ത് മറ്റൊരു രാജ്യത്തും സൈനികര്‍ ഇത്രയധികം കൊല്ലപ്പെടുന്നില്ല. ഒരു ഗ്രാമത്തില്‍ കലാപമുണ്ടായാല്‍ ഒരാള്‍ക്കെങ്കിലും പരിക്കേല്‍ക്കും. എന്നാല്‍ അവരെ രക്ഷിക്കാന്‍ സാധിക്കുന്ന ഏതൊരുമൊരു ഉപകരണം നിലവിലുണ്ടോ? വെടിയുണ്ടകള്‍ തടുക്കാന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ പറയുക, ഞങ്ങള്‍ അത് നടപ്പിലാക്കും’, നേപ്പാള്‍ സിങ് പറഞ്ഞു. പ്രസ്താവന വിവാദമായതോടെ എം.പി ക്ഷമാപണം നടത്തി തടിയൂരി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബുള്ളറ്റുകളില്‍ നിന്നും സൈനികരെ രക്ഷപ്പെടുത്താന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഉപകരണങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. സൈനികരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും നേപ്പാള്‍ സിങ് പറഞ്ഞു.

chandrika: