മെഡിക്കല്‍കോളേജ് കോഴ സംബന്ധിച്ച ബി.ജെ.പി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് പാര്‍ട്ടിയുടെ ഉന്നതനേതാക്കളില്‍ ഒരാളില്‍നിന്ന് കാണാതായതായി സൂചന. പാര്‍ട്ടിയുടെ ഉന്നത നേതാവില്‍ നിന്നുമാണ് ഇത് കാണാതായതെന്നാണ് വിവരം. അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, എ.കെ നസീര്‍, എന്നിവര്‍ രജിസ്‌ട്രേഡ് തപാലിലും ഇമെയില്‍ വഴിയുമാണ് നേതാക്കള്‍ക്ക് റിപ്പോര്‍ട്ട് അയച്ചത്.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, സഹസംഘടനാ സെക്രട്ടറി എം.സുഭാഷ് എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് അയച്ചത്. സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് തിരുവനന്തപുരത്തെ മേല്‍വിലാസത്തില്‍ അയച്ച റിപ്പോര്‍ട്ടാണ് കാണാതായിരിക്കുന്നത്.
ഈ വിവരം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈമെയിലില്‍ ആലുവയില്‍ നിന്ന് അയച്ച റിപ്പോര്‍ട്ട് രാജേഷ് ഒരു ചാനലിലെ മാധ്യമപ്രവര്‍ത്തകയെ ഏല്‍പ്പിച്ചുവെന്നാണ് കണ്ടെത്തല്‍. രാജേഷിനെതിരെയും വ്യാജരസീത് വിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരെയും നടപടികള്‍ എടുത്തശേഷം ആദ്യമായിട്ടാണ് സംസ്ഥാനസമിതിയോഗം ചേരുന്നത്.
ഇതിനിടെ, ആര്‍.എസ്.എസ്. നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് തിങ്കളാഴ്ച പാലക്കാട്ടെത്തും. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി ഭാഗവത് ചര്‍ച്ച നടത്തും.