X
    Categories: keralaNews

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം; കേന്ദ്ര നേതൃത്വത്തിന് പരാതിയുമായി 24 നേതാക്കള്‍

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പാര്‍ട്ടിയിലെ അസംതൃപ്തര്‍ ഒരുമിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധനും പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നതിന് പിന്നാലെ 24 സംസ്ഥാനനേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നല്‍കി.

ബിജെപിയില്‍ ഇപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇങ്ങനെ പോയാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയത്. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോയാല്‍ 70 ശതമാനം പഞ്ചായത്തുകളിലും ബിജെപി പ്രാതിനിധ്യത്തിനുള്ള സാഹചര്യമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലും ഒട്ടേറെ മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കുന്നതിനും കഴിയും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ സാധ്യത കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ ആര്‍എസ്എസ് നേതൃത്വവുമായും കെ. സുരേന്ദ്രന്‍ ഉടക്കിയിരുന്നു. 30 ശതമാനം പുതിയവരെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചപ്പോള്‍തന്നെ നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കരുതെന്നും കെ. സുരേന്ദ്രനോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സുരേന്ദ്രന്‍ അത് അവഗണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ആര്‍എസ്എസ് അറിയിച്ചിരുന്നു. സംസ്ഥാന ഭാരവാഹികളില്‍ത്തന്നെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഒഴികെ ബാക്കി ആര്‍ക്കും പ്രവര്‍ത്തനമേഖല നിശ്ചയിച്ചിട്ടുനല്‍കിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: