X

ഹര്‍ത്താല്‍ തുടങ്ങി; പരക്കെ ആക്രമം; കോഴിക്കോടും എറണാകുളത്തും കടകള്‍ തുറന്ന് വ്യാപാരികള്‍

കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമലകര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം ഉണ്ടായി.

വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു.

കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നു. കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെയും കാറിന്റെയും ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സി.ഐയുടെ വാഹനത്തിന് നേരെയും കല്ലെറിഞ്ഞു. പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസിനും ഡി.വൈ.എഫ്.ഐ ഓഫീസിനും നേരെ കല്ലേറുണ്ടായി.

കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട് വെണ്ണക്കരയില്‍ സി.പി.ഐ.എം വായനശാലയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അക്രമമുണ്ടാവുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ശനനടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയോ അക്രമത്തിന് മുതിരുകയോ ചെയ്യുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കോഴിക്കോടും എറണാകുളത്തും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികള്‍ പ്രകടനവുമായി രംഗത്തെത്തി. ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. പ്രകടനം നടത്തിയ വ്യാപാരികള്‍ പലയിടത്തും കടകള്‍ തുറന്നു. കോഴിക്കോട് മിഠായി തെരുവിലും കൊച്ചിയിലും കൊല്ലത്തും വ്യാപാരികള്‍ ഹര്‍ത്താലിനെ വെല്ലുവിളിച്ച് കടകള്‍ തുറന്നിട്ടുണ്ട്.

അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. കാസര്‍ക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.

കോഴിക്കോട് പാലൂരില്‍ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകര്‍ന്ന് ഡ്രൈവര്‍ ഷനോജിനു പരിക്കേറ്റു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കര്‍മ്മ സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

പലയിടത്തും റോഡ് ഗതാഗതം ഹര്‍ത്താലാനുകൂലികള്‍ കല്ലിട്ടും ടയര്‍ കത്തിച്ചും തടസ്സപ്പെടുത്തി. ശബരിമല പാതയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഹര്‍ത്താല്‍ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി കടകള്‍ അടപ്പിച്ചു.

കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട്, പെരുമ്പ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ചു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗ്ലളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. ബെംഗളൂരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല.

.അതേസമയം ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. സന്നിധാനത്തും നല്ല തിരക്കാണ് അനുഭവപ്പെടുന്നുണ്ട്.

chandrika: