X

മദ്രസയും പള്ളിയും പുതുക്കി പണിയുമെന്ന് ബിഹാര്‍ സര്‍ക്കാര്‍: എതിര്‍പ്പുമായി ബി.ജെ.പി

പറ്റ്‌ന: സമസ്തിപൂരില്‍ കലാപ ഇരകള്‍ക്ക് സഹായം നല്‍കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ ബി.ജെ.പിക്ക് അതൃപ്തി. സമസ്തിപൂരിലെ മദ്രസ, പള്ളികള്‍ എന്നിവ പുനര്‍ നിര്‍മിക്കാനും കലാപ ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് സര്‍ക്കാറിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഗുദ്രിയിലെ പള്ളിയും സിയാഉല്‍ ഉലൂം മദ്രസയും പുനര്‍ നിര്‍മിക്കാന്‍ 2,13,700 രൂപ അനുവദിച്ചു. ഔറംഗാബാദില്‍ അഗ്നിക്കിരയാക്കിയ മുസ്‌ലിംകളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരമായി 25 ലക്ഷവും നവദ ജില്ലയില്‍ കലാപ ബാധിതരായ ആറു പേര്‍ക്കായി 8.5 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

അതേസമയം സഖ്യകക്ഷിയായ ബി.ജെ.പി ഇതിനെതിരെ രംഗത്തെത്തി.ഒരു പ്രത്യേക മതത്തില്‍ പെട്ടവര്‍ക്കു മാത്രം നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് രാം സുമിറാന്‍ സിങ് പറഞ്ഞു. ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭരണകൂടം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിതീഷ്‌കുമാറിന്റേത് മുസ്‌ലിം പ്രീണനമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്നും ബജ്‌റംഗ് ദള്‍ നേതാവ് ആര്‍.എന്‍ സിങ് അറിയിച്ചു. ബി.ജെ.പി ഹിന്ദുത്വയെ കുറിച്ച് പറയുന്നു. പക്ഷേ നിതീഷിനെ നിയന്ത്രിക്കാനാവുന്നില്ലെന്നും, സഖ്യം ഉപേക്ഷിക്കാന്‍ ബി.ജെ. പി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chandrika: