ന്യൂഡല്‍ഹി: വിവാദമായ ‘പത്മാവതി’ സിനിമയുടെ സംവിധായകന്‍ സംഞ്ജയ് ലീലാ ഭന്‍സാലി, ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍ എന്നിവരുടെ തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം ചെയ്ത മീററ്റിലെ തീവ്രവാദികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി ഹരിയാന ഘടകം ചീഫ് മീഡിയ കോഡിനേറ്റര്‍ സുരാജ് പല്‍ അമു. ഇരുവരുടെയും തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപനല്‍കുകയും കുടുംബങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്യുമെന്ന് അമു പറഞ്ഞു.
നേരത്തെ മീററ്റിലെ സര്‍ധന ചൗബിസി എന്ന സംഘടനയിലെ അംഗമായ ഠാക്കൂര്‍ അഭിഷേക് സോം ആണ്, ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ഭന്‍സാലിയുടെയും ദീപിക പദുക്കോണിന്റെയും തലവെട്ടാന്‍ ആഹ്വാനം ചെയ്ത് മുന്നോട്ടു വന്നത്. പത്മാവതി റാണിയെ മോശമായി ചിത്രീകരിക്കുകയാണ് ഭന്‍സാലിയുടെ ചിത്രമെന്നും ഇത് അനുവദിക്കില്ലെന്നും ഠാക്കൂര്‍ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുമായി തനിക്ക് അടുപ്പമുണ്ടെന്നും ഠാക്കൂര്‍ അവകാശപ്പെട്ടു.
ഹരിയാനയില്‍ ബി.ജെപിയുടെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന സുരാജ് പല്‍ അമു, ഭന്‍സാലിയെ പന്തുണച്ച നടന്‍ രണ്‍വീര്‍ സിങ് തന്റെ അഭിപ്രായം പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ‘വാക്കുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കാലൊടിച്ച് കൈയില്‍ വെച്ചുതരും’ എന്നായിരുന്നു ഭീഷണി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിടുന്ന രണ്‍വീര്‍ സിങ്, 200 ശതമാനവും ഭന്‍സാലിക്കു പിന്നില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഭീഷണികളുടെ പശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്താലല്ലാതെ ഉത്തര്‍ പ്രദേശില്‍ റിലീസിങ് അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.