ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യത്തിനായി മതത്തെ ഉപയോഗിക്കുന്നുവെന്ന് അഖിലേഷ് യാദവ്. ബി.ജെ.പി പൊതുജനങ്ങളെ വഞ്ചിച്ചെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ഉത്തർപ്രദേശിലെ നഗ്ല ദണ്ഡിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ജോലി പൊതുജനങ്ങളെ കബളിപ്പിക്കലാണെന്നും ആദ്യ ദിവസം മുതൽ അവർ മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാരിന് കീഴിൽ അസമത്വം വർദ്ധിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന നിലയിലാണ്. അസമത്വം ഇല്ലാതാക്കുന്നതിനായി സമാജ്വാദി പാർട്ടി ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകീകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ മുന്നണിക്ക് വോട്ട് ചെയ്ത് പൊതുജനങ്ങൾ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാർ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ളതാണെന്നും പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടാതിരിക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.