ഉത്തര്‍പ്രദേശിലെ സംഭല്‍ വിഷയത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. സംഭാല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംഭാലിലുണ്ടായത് ആസൂത്രിതമായ കൊലപാതകമാണെന്നും ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു.
സംഭലിന്റെ ഐക്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സംഭലിന്റെ ഒത്തൊരുമയ്ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയും അനുഭാവികളും ചേര്‍ന്ന് സാമുദായിക ഐക്യത്തെ കുഴിച്ചുമൂടാനും തകര്‍ക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.
മസ്ജിദിന്റെ ഭാഗത്തുള്ള വാദമൊന്നും കേള്‍ക്കാതെയാണ് സംഭാലില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടതെന്നും പൊലീസ് അവരുടെ കൃത്യനിര്‍വഹണത്തില്‍ പിഴവുവരുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സഭയില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു.
ചോദ്യോത്തര വേളയില്‍ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അനുമതി തേടുകയും അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വിഷയമാണെന്നും ഉന്നയിച്ചു. എന്നാല്‍ സീറോ ഹവറില്‍ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല മറുപടി നല്‍കുകയായിരുന്നു.
പിന്നാലെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ നിലപാടില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചില സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധിച്ച് നടുത്തളത്തിലേക്ക് ഇറങ്ങുകയും ഡി.എം.കെ അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കുചേരുകയുമായിരുന്നു. എന്‍.സി.പി, യു.ബി.ടി, കോണ്‍ഗ്രസ,് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പിന്നാലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.