ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനും രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര അട്ടിമറിക്കാനുമുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായും കോണ്‍ഗ്രസ് പറഞ്ഞു. ജോഡോ യാത്രയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും ഡല്‍ഹി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്‌നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
ജനങ്ങളില്‍ ഭീതി പരത്തുന്നതിന് പകരം, വിദഗ്ധരുടെ ഉപദേശത്തോടെ കോവിഡിനെതിരായ നടപടികള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. മുഖം മൂടി ധരിച്ചാണ് പ്രധാനമന്ത്രി പാര്‍ലമന്റില്‍ എത്തുക. പക്ഷെ മാസ്‌ക് ധരിക്കാതെയാണ് വൈകുന്നേരം വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുമെന്നും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളെ ഉപദേശിക്കുന്നതിന് പകരം ബിജെപി നന്നായി ഭരണം നടത്തട്ടെ. സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുന്നില്ല. പകരം ജനപിന്തുണ ലഭിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയിലാണ് അവരുടെ ആശങ്കയെന്നും ഖേര കൂട്ടിച്ചേര്‍ത്തു.