ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപിയുടെ 107 പേര്‍ അടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് സ്ത്രീകളെന്നും ആയതിനാല്‍ ബിജെപി സ്ത്രീവിരുദ്ധമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നിയമസഭാ നേതാവ് ആരാധനാ മിശ്ര പറഞ്ഞു.
ബിജെപിക്ക് സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കാന്‍ സാധിക്കുകയില്ലെന്നും അവരുടെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ നിന്ന് തന്നെ ഇത് വ്യക്തമാണെന്നും ആരാധനാ മിശ്ര പറഞ്ഞു. സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എന്നും നിലനിന്നെന്നും ബി.ജെ.പിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെയും നിലകൊണ്ടിട്ടുണ്ടെന്നും ഓര്‍മിപ്പിച്ചു. ആദ്യ പട്ടികയില്‍ തന്നെ നാല്പത് സീറ്റുകളാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും പറഞ്ഞു.