മണിപ്പൂരില്‍ കലാപസാഹചര്യം കത്തിച്ചു നിര്‍ത്തുന്നതില്‍ ബിജെപിക്കു ഗൂഢതാല്‍പര്യമുണ്ടെന്നും രാജധര്‍മം പാലിക്കാത്തതിനുള്ള ശിക്ഷയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
കത്തുന്ന മണിപ്പൂരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖാര്‍ഗെ വിമര്‍ശിച്ചു. ‘കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ല. മോദി ഒടുവില്‍ മണിപ്പൂരില്‍ പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600ല്‍ പരം ദിനങ്ങള്‍ കഴിഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂര്‍വം മറന്നു കളഞ്ഞു’ ഖാര്‍ഗെ പറഞ്ഞു.